Jump to content

കൊററ്റ സ്കോട്ട് കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊററ്റ സ്കോട്ട് കിങ്
1964 ൽ എടുത്ത ചിത്രം
ജനനം
കൊററ്റ സ്കോട്ട്

(1927-04-27)ഏപ്രിൽ 27, 1927
അലബാമ, അമേരിക്ക
മരണംജനുവരി 30, 2006(2006-01-30) (പ്രായം 78)
മരണ കാരണംഅണ്ഢാശയ അർബുദം
അന്ത്യ വിശ്രമംകിങ് സെന്റർ ഫോർ നോൺവയലന്റ് സോഷ്യൽ ചേഞ്ച്
അറ്റ്ലാൻഡ, ജോർജ്ജിയ
ദേശീയത അമേരിക്കൻ
വിദ്യാഭ്യാസംആന്റിയോക് കോളേജ്
ന്യൂ ഇംഗ്ലണ്ട് കൺസർവേറ്ററി ഓഫ് മ്യൂസിക്
തൊഴിൽപൗരാവകാശപ്രവർത്തനം, വനിതാവകാശം, മനുഷ്യാവകാശപ്രവർത്തനം, സാമൂഹ്യതുല്ല്യത, ഏഴുത്തുകാരി
ജീവിതപങ്കാളി(കൾ)
കുട്ടികൾയോലൻഡ കിങ് (b. 1955–2007)
മാർട്ടിൻ ലൂഥർ കിങ് III (b. 1957)
ഡെക്സ്റ്റർ സ്കോട്ട് കിങ(b. 1961)
ബെർനീസ് കിങ് (b. 1963)
മാതാപിതാക്ക(ൾ)ഒബാദിയ സ്കോട്ട്
ബെർനീസ് മക്മറി സ്കോട്ട്
പുരസ്കാരങ്ങൾഗാന്ധി സമാധാന സമ്മാനം

ഒരു അമേരിക്കൻ എഴുത്തുകാരിയും, പൗരാവകാശ പ്രവർത്തകയുമായിരുന്നു കൊററ്റ സ്കോട്ട് കിങ് (Coretta Scott King). (ജനനം - 27 ഏപ്രിൽ 1927 – മരണം - 30 ജനുവരി 2006). അമേരിക്കയിൽ കറുത്തവർഗ്ഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആയിരുന്നു കൊററ്റയുടെ ഭർത്താവ്. 1960 കളിൽ നടന്ന ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ മുന്നേറ്റത്തിന്റെ നേതൃനിരയിൽ കൊററ്റ ഉണ്ടായിരുന്നു. കോളേജ് പഠനകാലത്തായിരുന്നു കൊററ്റ മാർട്ടിൻ ലൂഥർ കിങിനെ പരിചയപ്പെടുന്നതു, അവിടെ നിന്നും ഇരുവരും, പൗരാവകാശ മുന്നേറ്റത്തിന്റെ കേന്ദ്രനേതൃത്വത്തിലെത്തി. അറിയപ്പെടുന്ന ഒരു ഗായിക കൂടിയായിരുന്നു കൊററ്റ.

1968 ൽ മാർട്ടിൻ ലൂഥർ കിങ് വധിക്കപ്പെട്ടതിനുശേഷം, സംഘടനയുടെ നേതൃത്വം കൊററ്റ ഏറ്റെടുക്കുകയായിരുന്നു. ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയും, വനിതാ വിമോചനത്തിനായും അവർ പോരാടി. ആഫ്രിക്കയിലെ വർണ്ണവിവേചനത്തിരെ അമേരിക്കയിൽ നിന്നും അവർ പിന്തുണ നൽകി. 2005 ൽ പക്ഷാഘാതത്തെത്തുടർന്ന് ഒരു വശം തളർന്നു കിടപ്പിലായിരുന്നു. അഞ്ചുമാസത്തിനുശേഷം, അണ്ഡാശയത്തിൽ ബാധിച്ച അർബുദത്തേത്തുടർന്ന് കൊററ്റ അന്തരിച്ചു.

ബാല്യം

ഒബാദിയ സ്കോട്ടിന്റേയും, ബെർണീസ് മക്മറി സ്കോട്ടിന്റേയും നാലു മക്കളിൽ മൂന്നാമത്തെ ആളായിരുന്നു കൊററ്റ. വർണ്ണവിവേചനം രൂക്ഷമായിരുന്ന ഒരു പ്രദേശമായിരുന്നു അത്. തന്റെ പത്താമത്തെ വയസ്സു മുതൽ കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കുവാൻ വേണ്ടി കൊറെറ്റ ജോലിക്കു പോകാൻ തുടങ്ങി.[1] സ്വന്തമായി കൃഷിയിടം ഒക്കെ ഉള്ള കുടുംബമായിരുന്നിട്ടും, സാമ്പത്തികമായി അത്ര ഉയർന്നവരല്ലായിരുന്നു. 1930 കളിലുണ്ടായ സാമ്പത്തിക മാന്ദ്യ സമയത്തു, കുടുംബം പുലർത്തുവാൻ വേണ്ടി പരുത്തി നൂലു കൊണ്ടുള്ള ചെറിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ ലിങ്കൺ സ്കൂളിൽ ഏഴാം ഗ്രേഡിലായാണു വിദ്യാഭ്യാസം ആരംഭിച്ചത്.

ആൺകുട്ടികളെ പോലെ വളരാണു സ്കോട്ട് ആഗ്രഹിച്ചത്. മരംകയറാനും, ആൺകുട്ടികളുമായി ഗുസ്തിപിടിക്കുന്നതിലും കൊറെറ്റ രസം കണ്ടെത്തി. ഇത്തരം പ്രവർത്തികൾ കൊണ്ട് സ്ഥിരമായി അമ്മയിൽ നിന്നും കൊറെറ്റക്കു വഴക്കു കേൾക്കുമായിരുന്നു. കൊറെറ്റ ചെയ്യുന്നതെന്തിലും അവൾ മിടുക്കിയായിരുന്നുവെന്നു സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു.[2] 1945 ൽ ലിങ്കൺ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഒഹിയോയിലെ ആന്റിയോക്ക് കോളേജിലാണു ഉന്നതപഠനത്തിനായി കൊറെറ്റ ചേർന്നത്. വാൾട്ടർ ആൻഡേഴ്സന്റെ കീഴിൽ കൊറെറ്റ് സംഗീതം അഭ്യസിക്കാൻ തുടങ്ങി. വെള്ളക്കാരുടെ കോളേജിൽ, വെള്ളക്കാരനല്ലാത്ത ഒരു അദ്ധ്യാപകനായിരുന്നു വാൾട്ടർ. പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലും കൊറെറ്റ സജീവമായിരുന്നു. നാഷണൽ അസ്സോസ്സിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് കളേഡ് പീപ്പിൾ എന്ന സംഘടയുടെ ആന്റിയോക്ക് കോളേജ് വിഭാഗത്തിൽ കൊറെറ്റ സജീവമായിരുന്നു. -

വിവാഹം

ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് കോൺസർവേറ്ററി ഓഫ് മ്യൂസിക്കിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചപ്പോൾ, കൊററ്റ ആന്റിയോക്കിലെ പഠനം അവസാനിപ്പിച്ചു. ഇവിടെ വെച്ചാണ് കൊറെറ്റ മാർട്ടിൻ ലൂഥർ കിങ്ങിനെ പരിചയപ്പെടുന്നത്.[3] ഏറെക്കാലത്തെ പരിചയത്തിനുശേഷം, 1953 ജൂൺ 18 നു മാർട്ടിൻ ലൂഥർ കിങും, കൊറെറ്റയും വിവാഹിതരായി.[4] 1954 ൽ ബിരുദം പൂർത്തിയാക്കിയശേഷം, കൊറെറ്റ ഭർത്താവിനോടൊപ്പം അലബാമയിലേക്കു താമസം മാറി.

പൗരാവകാശപ്രവർത്തനം

1954സെപ്തംബർ ഒന്നിനു മാർട്ടിൻ ലൂഥർ കിങ് അവിടുത്തെ പള്ളിയിലെ മുഴുവൻ സമയ പുരോഹിതൻ ആയി സ്ഥാനമേറ്റെടുത്തു.[5][6] ഒരു ഗായിക ആയി മാറാനുള്ള കൊറെറ്റയുടെ മോഹങ്ങളെ തല്ലിക്കെടുത്തിയ ഒന്നായിരുന്നു മാർട്ടിന്റെ പുതിയ നിയോഗം. അധികം വൈകാതെ പുരോഹിതന്മാർക്കുള്ള വസതിയിലേക്കു ഇരുവരും താമസം മാറി. പള്ളി ക്വയർ സംഘടിപ്പിച്ചും, സൺഡേ ക്ലാസ്സുകളെടുത്തും കൊറെറ്റ സാമൂഹ്യ ജീവിതത്തിൽ സജീവമായിരുന്നു. 1955 നവംബർ 17 ഇരുവർക്കും യോലൻഡ എന്ന പെൺകുഞ്ഞു പിറന്നു. മോണ്ട്ഗോമറി ബസ് ബഹിഷ്കരണ സംഭവത്തിൽ മാർട്ടിൻ സജീവമായി പങ്കെടുത്തിരുന്നു.[7] ഇതിനെതുടർന്ന് മാർട്ടിനെ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ധാരാളം ഫോൺ സന്ദേശങ്ങൾ കൊറെറ്റക്കു ലഭിച്ചിരുന്നു.

1968 ഏപ്രിൽ നാലിനു മാർട്ടിൻ ലൂഥർ കിങ് വെടിയേറ്റു മരിച്ചു. നേരത്തേയെത്തിയ വൈധവ്യത്തിൽ നിന്നും മോചിതയാവാൻ സമയമെടുത്തെങ്കിലും, കൊറെറ്റ സാവധാനം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. അവർ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാവാൻ തുടങ്ങി. വനിതാവാകാശപ്രവർത്തനങ്ങളിലും, ലൈംഗികന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കാൻ തുടങ്ങി. ഭർത്താവിന്റെ മരണശേഷം നേതൃത്വം നഷ്ടപ്പെട്ട പൗരാവകാശമുന്നേറ്റത്തിനെ മുന്നിൽ നിന്നും നയിക്കാൻ ആഫ്രിക്കൻ-അമേരിക്കൻ നേതാവായിരുന്ന ജോസഫൈൻ ബേക്കറെ കൊറെറ്റ ക്ഷണിച്ചിരുന്നു.[8] എന്നാൽ ജോസഫൈൻ ഈ ക്ഷണം നിരസിക്കുകയായിരുന്നു.

വംശീയത, ദാരിദ്ര്യം,യുദ്ധം എന്നിവക്കെതിരേ മുന്നിട്ടിറങ്ങാൻ കൊറെറ്റ വനിതകളോടു ആഹ്വാനം ചെയ്തു. 1969 ൽ കൊറെറ്റ തന്റെ ആത്മകഥയായ മൈ ലൈഫ് വിത്ത് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പ്രസിദ്ധീകരിച്ചു. 1968 മുതൽ 1972 വരേയുള്ള കാലഘട്ടത്തിൽ കൊറെറ്റയുടെ പ്രവർത്തനങ്ങളെ അമേരിക്കൻ പോലീസ് ഏജൻസിയായ എഫ്.ബി.ഐ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നു. കൊറെറ്റയുടെ പൗരാവകാശപ്രവർത്തനങ്ങൾ, അക്കാലത്ത് വിയറ്റ്നാം യുദ്ധത്തിനെതിരേ അമേരിക്കയിൽ രൂപം കൊണ്ട മുന്നേറ്റവുമായി ബന്ധപ്പെട്ടേക്കാമെന്ന് സർക്കാർ സംശയിച്ചിരുന്നു.

അവലംബം

  • Dale, Gelfand (2006). Coretta Scott King: Civil Rights Activist. Chelsea House Publications. ISBN 978-0791095225.
  1. Coretta Scott King: Civil Rights Activist - Gerfand Page - 17
  2. Coretta King. ebony. Retrieved 2016-08-17.
  3. "Coretta Scott King Dies at 78". abcnews. 2006-01-31.
  4. "The Autobiography of Martin Luther King, Jr". Stanford University. Retrieved 2016-08-17.
  5. "Dexter Avenue Baptist Church (Montgomery, Alabama)". Stanford University. Retrieved 2016-08-17.
  6. "The Dexter Avenue King Memorial Baptist Church". The Dexter Avenue King Memorial Baptist Church. Retrieved 2016-08-17.
  7. "Montgomery Bus Boycott (1955-1956)". Stanford University. Retrieved 2016-08-17.
  8. "Coretta King". Retrieved 2016-08-17. {{cite web}}: Text "publisher - Alabamamusic" ignored (help)
"https://ml.wikipedia.org/w/index.php?title=കൊററ്റ_സ്കോട്ട്_കിങ്&oldid=2384750" എന്ന താളിൽനിന്ന് ശേഖരിച്ചത്