ഒരു പുരാതന തെക്കേ ഇന്ത്യന്‍ സാമ്രാജ്യമായിരുന്നു പല്ലവ സാമ്രാജ്യം (തെലുഗു: పల్లవ; തമിഴ്: பல்லவர்) . ആന്ധ്രയിലെശാതവാഹനരുടെ കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവര്‍ അമരാവതിയുടെ അധ:പതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവര്‍ കാഞ്ചിപുരം ആസ്ഥാനമാക്കി. മഹേന്ദ്രവര്മ്മന് I (571 – 630) , നരസിംഹവര്‍മ്മന്‍ I (630 – 668 CE) എന്നീ രാജാക്കന്മാര്ക്കു കീഴില്‍ ഇവര്‍ ശക്തിപ്രാപിച്ചു. തമിഴ് സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവര്‍ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.
ഇവരുടേ ഭരണകാലം മുഴുവന്‍ ബദാമി ചാലൂക്യരുമായും[1] ചോള, പാണ്ഡ്യ രാജാക്കന്മാരുമായും ഇവര്‍ സ്ഥിരമായി തര്‍ക്കത്തിലും യുദ്ധത്തിലുമായിരുന്നു. ചോളരാജാക്കന്മാര് ഒടുവില്‍ 8-ആം നൂറ്റാണ്ടില്‍ പല്ലവരെ യുദ്ധത്തില്‍ തോല്‍പ്പിച്ചു.
ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകര്‍ എന്ന നിലയിലാണ് പല്ലവര്‍ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തില്‍ നിര്‍മ്മിച്ച ശില്പങ്ങള് ഇന്നും മഹാബലിപുരത്ത് കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിര്‍മ്മിച്ച പല്ലവര്‍ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങള്‍ നിര്‍വ്വചിച്ചു. പല്ലവ ഭരണകാലത്ത് ചീന സഞാരിയായ ഹുവാന്‍ സാങ്ങ് കാഞ്ചിപുരം സന്ദര്‍ശിച്ചു. ഹുവാന്‍ സാങ്ങ് തന്റെ ഗ്രന്ഥങ്ങളില്‍ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തി.
ജനജീവിതം
പല്ലവഭരണകാലത്ത് പൊതുജനങ്ങള്‍ക്കിടയില്‍ പല തദ്ദേശസമിതികള്‍ നിലവിലിരുന്നു. ബ്രാഹ്മണരുംജന്മിമാരും അടങ്ങുന്ന സമിതിയാണ് സഭ എന്നറീയപ്പെട്ടിരുന്നത്. ഈ സമിതി പല ഉപസമിതികള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. ജലസേചനം, കൃഷി, പാതനിര്‍മ്മാണം, ക്ഷേത്രകാര്യങ്ങള്‍ എന്നിവയായിരുന്നു സഭയുടെ ഭരണമേഖലയില്‍ ഉള്‍പ്പെട്ടിരുന്നത്.
ബ്രാഹ്മണരല്ലാത്ത ഭൂവുടമകള്‍ വസിച്ചിരുന്നയിടങ്ങളിലെ ഗ്രാമസഭകളെയാണ് ഊര് എന്ന് അറിയപ്പെട്ടിരുന്നത്. വ്യാപാരികളുടെ സംഘടനെയാണ് നഗരം എന്നറിയപ്പെട്ടിരുന്നത്. ധനികരും ശക്തരുമായ ഭൂവുടമകളും വ്യാപാരികളുമാണ് ഈ സമിതികള്‍ നിയന്ത്രിച്ചിരുന്നത്[1].